"നിങ്ങളുടെ സമൂഹത്തിന്റെ മൂല്യം നിങ്ങളുടെ സമ്പത്തിന്റെ മൂല്യം നിർണ്ണയിക്കുന്നു; നമുക്ക് ഒരു മൂല്യവത്തായ സമൂഹം കെട്ടിപ്പടുക്കാം."
2022 സെപ്റ്റംബർ 18-ന് സുവിഷൻ ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും എന്റെ സംരംഭകത്വ യാത്രയുടെയും 14-ാം വാർഷികമായിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോളാണ് എന്റെ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി ലഭിക്കുന്നത്, സമ്പന്നതയെ പറ്റിയും ആഡംബര ജീവിത ശൈലിയെ പറ്റിയുമെല്ലാം വളരെ പരിമിതമായ സങ്കല്പം മാത്രമേ അന്നുണ്ടായിരുന്നുള്ളു. എന്നാൽ ബിരുദപഠനത്തിനായി ഞാൻ ഗ്രാമത്തിൽ നിന്നും ഷിമോഗയിലേക്ക് വന്നപ്പോൾ, പല പുതിയ കാര്യങ്ങളും അറിയുകയും എന്റെ പരിമിതമായ ഭാവന വികസിക്കുകയും ചെയ്തു. എന്റെ കരിയറിനായി ബാംഗ്ലൂർ നഗരത്തിലേക്ക് മാറുകയും എനിക്ക് ഇന്റർനെറ്റ് ആക്സസ് ലഭിക്കുകയും ചെയ്തപ്പോൾ, ഒരുപാട് കാര്യങ്ങൾ മാറിമറിഞ്ഞു. കുവെമ്പു, യു ആർ അനന്തമൂർത്തി (ജ്ഞാനപീഠ അവാർഡ് ജേതാക്കൾ), കടിദാൽ മഞ്ഞപ്പ (കർണാടക മുൻ മുഖ്യമന്ത്രി) തുടങ്ങിയ നിരവധി മഹാന്മാരെ ഈ രാജ്യത്തിന് സമ്മാനിച്ച സ്ഥലത്ത് നിന്ന് വന്ന ഞാൻ സ്വാഭാവികമായും എന്റെ ജീവിതം ഏതെങ്കിലും ഒരു വലിയ ലക്ഷ്യത്തിനായി സമർപ്പിക്കുമെന്ന് പ്രതിജ്ഞാബദ്ധനായിരുന്നു.
ഇൻഷുറൻസ് വിൽപ്പനക്കാരനാൽ വഞ്ചിക്കപ്പെട്ട ഒരു ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടിയ ശേഷം, ഇന്ത്യയിൽ ഒരു സാമ്പത്തിക വിദ്യാഭ്യാസ കമ്പനി തുടങ്ങുന്നതിനുള്ള ആവശ്യകതയും സാധ്യതയും എനിക്ക് കാണുവാൻ സാധിച്ചു. അങ്ങനെ ഞങ്ങൾ ഇന്ത്യയിലെ തന്നെ ആദ്യത്തെയും ഏറ്റവും വലിയതുമായ സാമ്പത്തിക വിദ്യാഭ്യാസ കമ്പനി നിർമ്മിച്ചു. ഞങ്ങളുടെ കോൾ സെന്റർ വഴി 9 ദശലക്ഷത്തിലധികം ആളുകളെ ബോധവൽക്കരിക്കുന്നതിലൂടെ ഞങ്ങൾ ഉണ്ടാക്കിയ മാറ്റത്തിന്റെ അല ഞങ്ങളെ സന്തുഷ്ടരാക്കിയെങ്കിലും, വലുതും കൂടുതൽ സുസ്ഥിരവുമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുവാൻ ഞങ്ങൾ ആഗ്രഹിച്ചു. അങ്ങനെയാണ് വിവിധ ഭാഷകളിലൂടെ സാമ്പത്തിക വിദ്യാഭ്യാസം ജനങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും, ഇത്തരത്തിലുള്ള ഒരു ആശയത്തെക്കുറിച്ചുള്ള ആളുകളുടെ ചിന്ത എങ്ങനെയാകുമെന്ന് മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ 2019 നവംബർ 3 മുതൽ 2022 മാർച്ച് 6 വരെ ഞാൻ 28 സാമ്പത്തിക സ്വാതന്ത്ര്യ വർക്ക്ഷോപ്പുകൾ നടത്തുകയും 7000-ത്തിലധികം ആളുകളെ നേരിട്ട് കാണുകയും ചെയ്തു. പണം ഉപയോഗിച്ച് നമ്മൾ ചെയ്യുന്ന അഞ്ച് കാര്യങ്ങങ്ങളായ - സമ്പാദിക്കൽ, കരുതിവെക്കൽ, ചെലവഴിക്കൽ, നിക്ഷേപിക്കൽ, കടം വാങ്ങൽ എന്നവയെ കുറിച്ച് ആളുകളെ പഠിപ്പിക്കാനായി സാമ്പത്തിക സ്വാതന്ത്ര്യ വർക്ക്ഷോപ്പ് നടത്തിയെങ്കിലും, ആളുകൾ കൂടുതലായി താൽപ്പര്യം കാണിച്ചത് പണം സമ്പാദിക്കുന്നതിലായിരുന്നു.
ffreedom.com ആളുകളെ അവരുടെ പണം നന്നായി കൈകാര്യം ചെയ്യുന്നത് പഠിപ്പിക്കാനായാണ് തുടങ്ങിയതെങ്കിലും, ഈ വ്യക്തിഗത വർക്ക്‌ഷോപ്പുകളിലൂടെ അവർ ഞങ്ങളെ പഠിപ്പിച്ചത് എന്തെന്നാൽ, "പണം കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയില്ല എന്നല്ല, പക്ഷേ ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ മാത്രം വേണ്ടത്ര പണമില്ല.
ഈ പ്രശ്നത്തെ കുറിച്ചു സൂക്ഷ്മമായി നോക്കി കഴിഞ്ഞാൽ, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ലോകം എങ്ങനെ മാറിയെന്ന് മനസ്സിലാക്കാം. എന്റെ ഗ്രാമത്തിൽ, ഇന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും "ഈ രാജ്യത്ത് ആര് ആരൊക്കെയാണെന്ന്" എന്നത് വ്യക്തമായിട്ട് അറിയാം, അതിനു ഇന്റർനെറ്റിന് നന്ദി. ഇങ്ങനെ വിവരസാങ്കേതികയിൽ, ഒരു രാജ്യമെന്ന നിലയിൽ നാം കൈവരിച്ച പുരോഗതിയിൽ ഞാൻ സന്തുഷ്ടനാണെങ്കിലും, അത് ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചോ അല്ലെങ്കിൽ അത് ഇതിനകം തന്നെ ഉണ്ടാക്കിയതിനെക്കുറിച്ചോ എന്നിൽ ആശങ്കയുണ്ട്. ഒരാളുടെ സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള കഴിവ് നേടിയെടുക്കാൻ ഓരോ വ്യക്തിയെയും അനുവദിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു; അല്ലാത്തപക്ഷം, സമൂഹത്തിന് അപകടകരമായ രീതിയിൽ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള കുറുക്കുവഴികൾ അവർ കണ്ടെത്തിയേക്കാം.
സർക്കാർ സ്കൂളുകൾ / സ്വകാര്യ സ്കൂളുകൾ, സ്റ്റേറ്റ് സിലബസ് / CBSE / ICSE / IB, കന്നഡ മീഡിയം / ഹിന്ദി മീഡിയം / ഇംഗ്ലീഷ് മീഡിയം എന്നിവയുടെ പേരിൽ നടക്കുന്ന വിവേചനമാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് എന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും ഒരേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തുല്യമായി ലഭിക്കുന്നില്ലെങ്കിൽ, സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഒരു സമൂഹം നമ്മുക്ക് സൃഷ്ടിക്കാനാവില്ല. സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും, ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ഒരു വിവേചനം നേരിട്ടവരെ നമ്മുക്ക് അവഗണിക്കാനാവില്ല; അവർക്ക് കുറഞ്ഞത് അറിവും അവരുടെ ഉപജീവനമാർഗം കെട്ടിപ്പടുക്കാനുള്ള അവസരങ്ങളും നൽകേണ്ടിയിരിക്കുന്നു.
ഒരു സാമ്പത്തിക വിദ്യാഭ്യാസ കമ്പനിയിൽ നിന്ന് ഉപജീവന വിദ്യാഭ്യാസ കമ്പനിയായി അപ്‌ഗ്രേഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയും 2020 മാർച്ച് 20-ന് ffreedom app സമാരംഭിക്കുകയും ചെയ്തു. ഇന്ന് ffreedom app -ൽ 6 ഭാഷകളിലായി കൃഷിയിലും ബിസിനസ്സിലും വിജയം കൈവരിച്ച 1500-ലധികം ആളുകൾ പഠിപ്പിക്കുന്ന 900-ലധികം കോഴ്‌സുകൾ ഉണ്ട്. കഴിഞ്ഞ 30 മാസത്തിനുള്ളിൽ, 83 ലക്ഷത്തിലധികം ആളുകൾക്ക് ഉയർന്ന നിലവാരമുള്ള ഉപജീവന വിദ്യാഭ്യാസം ലഭ്യമാക്കാൻ ഞങ്ങൾ സഹായിച്ചു, 1.65 ലക്ഷത്തിലധികം ആളുകൾ ചെറുകിട സംരംഭകരായി മാറിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
"അറിവുകളും അവസരങ്ങളും പങ്കിടുന്നതിന്റെ" ആവശ്യകത പ്രചരിപ്പിക്കുന്നതിനായി ഞങ്ങളുടെ ടീം കഴിഞ്ഞ വർഷം വിവിധ സംരംഭങ്ങൾ നടത്തുകയുണ്ടായി, ചില പ്രധാന സംരംഭങ്ങൾ ഇവയാണ്,
-
ഐക്കൺസ് ഓഫ് ഭാരത് (സീസൺ 1)- 28-എപ്പിസോഡുകളുള്ള ഈ ടിവി റിയാലിറ്റി ഷോ, 60 മികച്ച സംരംഭകരുടെ വിജയവും അഭിനിവേശവും പറഞ്ഞുകൊണ്ട് എങ്ങനെ അവർ ഒരു മികച്ച ഭാരതം കെട്ടിപ്പടുക്കുന്നുവെന്ന് കാണിക്കുന്നു. ഷോയുടെ ആദ്യ സീസൺ NDTV ഇന്ത്യയിൽ മെയ് 29 മുതൽ സെപ്റ്റംബർ 11 വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും 9.30 PM മുതൽ 10.30 PM വരെ സംപ്രേക്ഷണം ചെയ്തു.
-
ffreedom ഷോ - കന്നഡയിലും തെലുങ്കിലുമായി 5 ടിവി ചാനലുകളുടെ പങ്കാളിത്തത്തോടെയാണ് ഞങ്ങൾ നിലവിൽ ffreedom ഷോ ഹോസ്റ്റ് ചെയ്യുന്നത്.
-
ffreedom Nest - ffreedom app -ലെ കോഴ്‌സുകൾ കണ്ട് തങ്ങളുടെ സംരംഭം ആരംഭിച്ച ഞങ്ങളുടെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഉദ്യമമാണിത്.
ഈ പ്രത്യേക അവസരത്തിൽ, മെച്ചപ്പെട്ട ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള "അറിവും അവസരങ്ങളും പങ്കിടുക" എന്ന ഞങ്ങളുടെ ദൗത്യത്തെ നിസ്വാർത്ഥമായി പിന്തുണച്ച ഞങ്ങളുടെ 1500-ലധികം മെന്റർമാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംരഭകർ ആകുവാൻ എടുത്ത ധൈര്യത്തിന് ഞങ്ങളുടെ 83 ലക്ഷം അംഗങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ എല്ലാ പ്രവർത്തികളിലും എന്നോടൊപ്പം നിന്ന എന്റെ ടീം ഇല്ലായിരുന്നുവെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല; എന്റെ ഹൃദയം കൊണ്ട് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. ഈ മഹത്തായ ലക്ഷ്യത്തിന്റെ പാതയിൽ നിരന്തരമായ മാർഗനിർദേശങ്ങൾ നൽകിയ ഞങ്ങളുടെ ചെയർമാനും എന്റെ ഉപദേശകനുമായ ശശി സാറിനോടും ഞാൻ എപ്പോഴും കടപ്പെട്ടവനാണ്. ഞങ്ങളുടെ എല്ലാ ബോർഡ് അംഗങ്ങളും നിക്ഷേപകരും എന്നിൽ അർപ്പിച്ച വിശ്വാസത്തിനു, ഞാൻ അവരോട് നന്ദിയുള്ളവനാണ്. ഞങ്ങളുടെ സംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഞങ്ങളെ പിന്തുണക്കുന്നതിനും ഞങ്ങളുടെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ഞങ്ങളെ ബുദ്ധിമുട്ടിച്ച ആളുകളോട് നന്ദി പറയാൻ ഞാൻ മറക്കരുതല്ലോ? അവർ ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്തത്. അവസാനമായി, എന്റെ ദൗത്യത്തെ പിന്തുണയ്ക്കാൻ വളരെയധികം ത്യാഗം ചെയ്ത എന്റെ കുടുംബത്തിനോട് ഞാൻ എന്റെ നന്ദി രേഖപെടുത്തുന്നു.
അവസാനിപ്പിക്കുന്നതിന് മുമ്പായി, ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടുമായി, ഇത് ഒരു പുതിയ തുടക്കമാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഒരു ഉപജീവന വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിൽ നിന്ന് "ലോകത്തിനായുള്ള ഉപജീവന വേദി" ആയി നമ്മൾ ഉടൻ തന്നെ മാറുന്നതായിരിക്കും.
ആശംസകളോടെ
C S Sudheer
Founder & CEO, ffreedom app